NRI
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. മന്ത്രിമാരുമായും കുവൈറ്റ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ സ്വീകരണ പരിപാടിയിൽ അദ്ദേഹം മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
ഒഐസിസി, കെഎംസിസി തുടങ്ങിയ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം യുഡിഎഫ് വഞ്ചനാദിനം ആചരിക്കുകയാണ്.
NRI
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30ന് ബഹ്റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർവകലാശാലാ വിഷയത്തിലെ തുറന്ന പോരിനു പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ രാജ്ഭവനിലെത്തി കണ്ടു ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സർവകലാശാലാ പോരിൽ മഞ്ഞുരുകലുണ്ടായെന്നാണു വിവരം.
കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ നടപടി അംഗീകരിക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സസ്പെൻഷൻ അംഗീകരിച്ച് അടുത്ത ഏതാനും ദിവസങ്ങളിൽ അനിൽകുമാർ സർവകലാശാലയിൽ എത്താൻ പാടില്ല. സസ്പെൻഷൻ അംഗീകരിച്ചാൽ അടുത്ത ദിവസങ്ങളിൽ സസ്പെൻഷൻ പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കാം. ഈ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചതായാണ് വിവരം.
മുൻപുണ്ടായിരുന്നതുപോലെ ഗവർണറും സർക്കാരും തമ്മിൽ അനുനയത്തിന്റെ വഴി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്ന കത്തുമായാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്. സസ്പെൻഷൻ ഉത്തരവ് ധിക്കരിച്ച് സർവകലാശാലയിൽ എത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനം തുടരുന്നതു ഭൂഷണമാണോയെന്നു ഗവർണർ ചോദിച്ചു. ഇടത് സിൻഡിക്കറ്റ് അംഗങ്ങളുടെ നടപടികളും യോഗത്തിൽ ചർച്ചയായി.
അതേസമയം, സാങ്കേതിക ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വിസിമാരെ നിയമിച്ച നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരേ ഗവർണർ നാളെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രിയും ഗവർണറുമുണ്ടായിരുന്നെങ്കിലും കേരളത്തിൽ ചർച്ച ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച ചർച്ച വൈകുന്നേരം 4.35 വരെ നീണ്ടു.